ചാലക്കുടി: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചെലവിൽ നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷൻ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു.
ചാലക്കുടി റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തിരിതെ ളിച്ചു.
എയിംസ് അനുവദിക്കുന്നതിൽ കേരളത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ചാലക്കുടി അനുയോജ്യമായ സ്ഥലമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. എയിംസ് ചാലക്കുടിയിൽ സ്ഥാപിക്കണമെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംസ്ഥാനം സ്ഥലം തീരുമാനിച്ചാൽ പ്രധാനമന്ത്രി നല്കുന്ന സമ്മാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുക്കാട്, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനുകളും ആധുനികവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലരുവി ട്രെയിന് ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടും നിർത്തുന്നില്ല എന്ന് എംഎൽഎ ചൂണ്ടിക്കാണിച്ചപ്പോൾ നിർത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൻആലീസ് ഷിബു, കൗൺസിലർ ലിന്റ ജോയി, അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ വൈ. സെൽവിൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ മത്സര വിജയികൾക്ക് കേന്ദ്രമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.
നവീകരണത്തിന്റെ ഭാഗമായി റെയിൽവെസ്റ്റേഷനിൽ ആധുനിക രീതിയിലുള്ള ഫ്ലാറ്റുഫോമുകള്, വെയിറ്റിംഗ് ഹാളുകൾ, ഡിജിറ്റൽ ഇൻഫർമേഷൻ ഡിസ്പ്ലെ ബോർഡുകൾ, എടിഎം, വിപുലമായ പാർക്കിംഗ് സൗകര്യം, തണുത്ത ശുദ്ധജല കൗണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.